പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നു പെട്രോളും ഡീസലും; ലീറ്ററിന് 70 രൂപ !
പട്ന • പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നു പെട്രോളും ഡീസലും ഉൽപാദിപ്പിക്കുന്ന പദ്ധതിക്ക് മുസഫർപുരിൽ തുടക്കമായി. കിലോയ്ക്ക് 6 രൂപ വിലയുള്ള പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന പെട്രോളും ഡീസലും കർഷകർക്ക് ലീറ്ററിനു 70 രൂപയ്ക്കു ലഭ്യമാക്കും. ആദ്യ യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി റാംസൂരത് റായി നിർവഹിച്ചു. പ്രതിദിനം 150 ലീറ്റർ പെട്രോളും 130 ലീറ്റർ ഡീസലുമാണ് ഈ യൂണിറ്റിൽ ഉൽപാദിപ്പിക്കുക. യൂണിറ്റിന് ആവശ്യമായ പ്ലാസ്റ്റിക് മാലിന്യം നഗരസഭ ലഭ്യമാക്കും. പകരം നഗരസഭയ്ക്കും ലീറ്ററിനു 70 രൂപ നിരക്കിൽ പെട്രോൾ നൽകും.മുസഫർപുർ ഖറൗന ഗ്രാമത്തിലെ അശുതോഷ് മംഗളത്തിന്റെ നേതൃത്വത്തിലുള്ള യുവസംരംഭകരാണ് യൂണിറ്റ് തുടങ്ങിയത്. പ്രധാനമന്ത്രിയുടെ തൊഴിലവസര സൃഷ്ടിക്കൽ പരിപാടിയിൽ (പിഎംഇജിപി) നിന്നു പദ്ധതിക്കായി 25 ലക്ഷം രൂപ വായ്പ ലഭിച്ചു. വായ്പയ്ക്ക് പലിശ സബ്സിഡിയുണ്ട്. ഒരു ലീറ്റർ പെട്രോളിന്റെ ഉൽപാദന ചെലവു 45 രൂപയെന്നാണു കണക്കാക്കുന്നത്.ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം വികസിപ്പിച്ചെടുത്തതാണു സാങ്കേതികവിദ്യ. ആദ്യ ദിനത്തിൽ 40 ലീറ്റർ പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നു 37 ലീറ്റർ ഡീസൽ ഉൽപാദിപ്പിച്ചു.



Author Coverstory


Comments (0)