ഡല്‍ഹി മെട്രോ പ്രവര്‍ത്തനം പുനരാരംഭിച്ചു; ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കി
കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഡല്‍ഹി മെട്രോ പ്രവര്‍ത്തനം പുനരാരംഭിച്ചു. ലാല്‍ ഖില മെട്രോ സ്റ്റേഷന്‍ മാത്രമാണ് നിലവില്‍ അടച്ചിട്ടിരിക്കുന്നത്. മറ്റ് സ്റ്റേഷനുകളൊക്കെ തുറന്നിരിക്കുകയാണെന്ന് ഡല്‍ഹി റെയില്‍ മെട്രോ സ്റ്റേഷന്‍ അറിയിച്ചു. 35 മിനിട്ടാണ് ശരാശരി കാത്തിരിപ്പ് സമയമെന്നും തിരക്ക് അധികരിച്ചാല്‍ അതിനനുസരിച്ച് വിവരം അറിയിക്കുമെന്നും ഡിഎംആര്‍സി പറഞ്ഞു. പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായതോടെയാണ് ഡല്‍ഹി മെട്രോ അടച്ചത്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചെങ്കോട്ടയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ദീപ് സിദ്ദുവുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ബിജെപി എംപിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോള്‍ രംഗത്തെത്തി.
തനിക്കോ കുടുംബത്തിനോ ദീപ് സിദ്ദുവുമായി യാതൊരു ബന്ധവുമില്ല. കര്‍ഷക സംഘടനകളുടെ ആരോപണം തള്ളിയ സണ്ണി ഡിയോള്‍, ചെങ്കോട്ടയിലെ സംഭവം തന്നെ വളരെ വേദനിപ്പിച്ചെന്നും വ്യക്തമാക്കി. പ്രതിഷേധിക്കുന്നത് ജനാധിപത്യ അവകാശമാണ്. എന്നാല്‍ അത് ദുരുപയോഗപ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.



Author Coverstory


Comments (0)