കടുത്ത സാമ്ബത്തിക ബാദ്ധ്യത, കെ ടി ഡി എഫ് സി പൂട്ടണമെന്ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിക്ഷേപം 925 കോടി, കൈയിലുള്ളത് 353 കോടി മാത്രം

കടുത്ത സാമ്ബത്തിക ബാദ്ധ്യത, കെ ടി ഡി എഫ് സി പൂട്ടണമെന്ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിക്ഷേപം 925 കോടി, കൈയിലുള്ളത് 353 കോടി മാത്രം

തിരുവനന്തപുരം: നഷ്ടത്തില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സിയുടെ ഏറ്റവും വലിയ സാമ്ബത്തിക സഹായ സ്രോതസായ പൊതുമേഖലാ സ്ഥാപനം കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (കെ.ടി.ഡി.എഫ്.സി)​ കടുത്ത പ്രതിസന്ധിയില്‍ ആയതോടെ അന്ന് സ്ഥാപനത്തിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും നിലവിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായ എം.ആര്‍. അജിത്ത് കുമാര്‍ സ്ഥാപനം പൂട്ടണമെന്ന് ആവശ്യപ്പെട്ട് അയച്ച കത്ത് പുറത്തായി. കെ.എസ്.ആര്‍.ടി.സിയുടെ നവീകരണത്തിനൊപ്പം കെ.ടി.ഡി.എഫ്.സി പൂട്ടുമെന്നാണ് അജിത്ത് കുമാര്‍ 2020 നവംബര്‍ 20നാണ് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിന് കത്ത് നല്‍കിയത്.

കെ.എസ്.ആര്‍.ടി.സിക്ക് വന്‍തുക നല്‍കിയതും കെ.ടി.ഡി.എഫ്.സിയുടെ നിഷ്‌ക്രിയ ആസ്തികള്‍ കൂടിയതുമാണ് സ്ഥാപനം പൂട്ടുന്നതിലേക്ക് സര്‍ക്കാരിനെ എത്തിച്ചതെന്നാണ് സൂചന. എന്നാല്‍,​ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നും തന്നെ പൂട്ടില്ലെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് ഇപ്പോഴത്തെ നടപടിയെങ്കിലും ജീവനക്കാരെ പുനര്‍വിന്യസിക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗതവകുപ്പ് അനുമതി നല്‍കിയതായാണ് സൂചന.

നിക്ഷേപകരില്‍ നിന്ന് സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിച്ചാണ് കെടി.ഡി.സിയുടെ പ്രവര്‍ത്തനം. ഇതിനോടകം 925 കോടിയാണ് കെ.ടി.ഡി.സിയിലെ നിക്ഷേപം. എന്നാല്‍ കമ്ബനിയുടെ കൈയിലുള്ളത് 353.89 കോടി രൂപ മാത്രമാണ്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള നിക്ഷേപം തിരിച്ചടയ്ക്കുന്നതിന് ഈ തുക മതിയാകും. കെ.എസ്.ആര്‍.ടി.സി നല്‍കാമെന്ന് അറിയിച്ചിരിക്കുന്ന 356.65 കോടി കൂടി വാങ്ങി മറ്റ് ബാദ്ധ്യതകള്‍ തീര്‍ക്കണമെന്നുമാണ് കത്തില്‍ പറയുന്നത്. കെ.ടി.ഡി.എഫ്.സിയുടെ കണക്കുകള്‍ പ്രകാരം 1678 കോടിയാണ് ഫണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ലഭിച്ചതടക്കമാണിത്. തിരിച്ചു കൊടുക്കാനുള്ള 925 കോടിയുടെ നിക്ഷേപം അടക്കം 1394.87 കോടിയാണ് ബാദ്ധ്യത.

ഇനി ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതെന്നും നിലവിലെ നിക്ഷേപത്തിനുള്ള പലിശ രണ്ട് ശതമാനമായി കുറയ്ക്കണമെന്നും ശുപാര്‍ശയുണ്ട്. ജനങ്ങളുടെ നിക്ഷേപങ്ങള്‍ തിരിച്ചു നല്‍കിയ ശേഷം കുടിശിക വരുത്തിയവരില്‍ നിന്ന് തിരിച്ചുപിടിക്കല്‍ നടപടികള്‍ സ്വീകരിക്കണം. തലസ്ഥാനത്ത് അടക്കം കെ.എസ്.ആര്‍.ടി.സിയുടെ ഭൂമിയില്‍ കെ.ടി‌.ഡി.എഫ്.സി ഷോപ്പിംഗ് കോംപ്ളക്സുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇവയൊന്നും തന്നെ പ്രതീക്ഷിച്ച വരുമാനം ഉണ്ടാക്കി നല്‍കിയുമില്ല. കോംപ്ളക്സുകളിലായി 2.5 ലക്ഷം ചതുരശ്ര അടി സ്ഥലം ഉപയോഗിക്കാതെ കിടക്കുകയാണ്.

2012-15 കാലയളവില്‍ കെ.ടി.ഡി.എഫ്.സിയുമായുള്ള പണമിടപാടില്‍ 100 കോടിയുടെ തട്ടിപ്പ് നടന്നതായി കെ.എസ്.ആര്‍.ടി.സി സി എം.ഡി ബിജു പ്രഭാകര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ കെ.ടി.ഡി.എഫ്.സിയും കെ.എസ്.ആര്‍.ടി.സിയും തമ്മിലെ സാമ്ബത്തിക ഇടപാടുകള്‍ വിശദമായി പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേക്കുറിച്ച്‌ വിജിലന്‍സ് അന്വേഷണവും പരിഗണനയിലാണ്.