പ്രളയ ദുരന്ത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രവർത്തനരീതികൾ തുടങ്ങി അടിയന്തര സാഹചര്യങ്ങളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനായി ജില്ലയിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. ദേശീയ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.
ഇന്ത്യൻ മെറ്ററോളജിക്കൽ വകുപ്പിൽ നിന്ന് പ്രളയ സാധ്യതാ റിപ്പോർട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലയിൽ റെഡ് അലർട്ടും ഉയർന്ന പ്രളയ സാധ്യതയും പ്രഖ്യാപിക്കുന്നു. തുടർന്ന് ജില്ലയിലെയും താലൂക്കുകളിലെയും ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം (ഐ ആർ എസ് ) സജീവമാക്കാൻ ജില്ലാ ഭരണാധികാരിയായ ജില്ലാ കളക്ടർ ഉത്തരവിടുന്നു. ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ ഐ ആർ എസ് ഉദ്യോഗസ്ഥർ എത്തുകയും ജില്ലാ കൺട്രോൾ റൂമിൽ ഇന്‍സിഡന്റ് കമാന്റ് പോസ്റ്റ്, ഓപ്പറേഷന്‍ ഡെസ്‌ക്, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡെസ്‌ക്, പ്ലാനിങ് സെക്ഷന്‍, ലോജിസ്റ്റിക് സെക്ഷന്‍, സപ്പോര്‍ട്ട് ബ്രാഞ്ച്, ഫിനാന്‍സ് ബ്രാഞ്ച് എന്നിവ സജീവമാവുന്നു. താലൂക്ക് അടിസ്ഥാനത്തിൽ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൻ്റർ ഒരുങ്ങുകയും ജില്ലാതലത്തിൽ ഇവിടെ നിന്നും വിവരങ്ങൾ ശേഖരിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതായാണ് മോക്ഡ്രില്ലിൽ ആവിഷ്കരിച്ചത്.
ദേശീയ ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നുള്ള പ്രത്യേക നിരീക്ഷകനായ കുൽജിന്ദർ മൗൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൺട്രാേൾ റൂം സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
റവന്യൂ, അഗ്‌നി രക്ഷാ സേന, പൊലീസ്, ആരോഗ്യം, ജലസേചനം, വൈദ്യുതി, വിവര പൊതുജന സമ്പര്‍ക്കം, മോട്ടോര്‍ വാഹനം, തദ്ദേശ സ്വയംഭരണം, സിവിൽ സപ്ലൈസ്, മണ്ണ് സംരക്ഷണം, ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ്, മൈനിങ് ആൻഡ് ജിയോളജി, ഫിഷറീസ്, പ്ലാനിംഗ് തുടങ്ങിയ വകുപ്പുകൾ കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ജില്ലയിൽ ആലുവ, പറവൂര്‍, മൂവാറ്റുപുഴ, കണയന്നൂര്‍, കുന്നത്തുനാട് താലൂക്കുകളിലെ തിരഞ്ഞെടുത്ത അഞ്ച് കേന്ദ്രങ്ങളിലാണ് മോക്ക് ഡ്രില്‍ നടത്തിയത്. ഏലൂരിലെ സതേണ്‍ മിനറല്‍ ആന്റ് കെമിക്കല്‍ കമ്പനി, ആലുവ തുരുത്ത്, മൂവാറ്റുപുഴ ഇലാഹിയ കോളനി, കാക്കനാടിന് സമീപം തുതിയൂര്‍ കരിയില്‍ കോളനി, ഒക്കല്‍ ഗ്രാമ പഞ്ചായത്തിലെ ചേലാമറ്റം ക്ഷേത്രക്കടവ് എന്നിവിടങ്ങളിലാണ് മോക്ക് ഡ്രില്ലിന് വേദി ഒരുക്കിയത്. രാസ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പ്രളയമുണ്ടായാല്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളാണ് ഏലൂരിലും, സാധാരണ പ്രളയങ്ങളില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് മറ്റിടങ്ങളിലും ആവിഷ്കരിച്ചത്.
മോക്ക് ഡ്രില്ലിൻ്റെ ഭാഗമായി ജില്ലയിലെ വിവിധ താലൂക്കുകളിലായി അഞ്ച് ക്യാമ്പുകളാണ് ആരംഭിച്ചത്. 123 കുടുംബങ്ങളിൽ നിന്നായി 430 ആളുകളെ മാറ്റിപ്പാർപ്പിച്ചു. മൂന്ന് വീടുകൾ പൂർണ്ണമായും 27 വീടുകൾ ഭാഗികമായും തകർന്നു. രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
മോക്ഡ്രില്ലിന് ശേഷം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ മോക്ഡ്രിൽ പ്രവർത്തനങ്ങൾ എത്രമാത്രം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു, പ്രളയം ഉണ്ടായാൽ ഏതൊക്കെ മേഖലകളിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നെല്ലാം ചർച്ച ചെയ്തു. ദുരന്തമുന്നറിയിപ്പ് ലഭിക്കുന്നതോടെ ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കൺട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ ഉപയോഗം, അപകടസ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം, ക്യാമ്പുകള്‍ സജ്ജീകരിക്കേണ്ട രീതി, വെള്ളം കയറുന്ന സാഹചര്യത്തില്‍ കിടപ്പ് രോഗികള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവരെ വീടുകളില്‍ നിന്ന് മാറ്റേണ്ട രീതി, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങൾ ചർച്ചയിൽ വിലയിരുത്തി. റൂറൽ ഭാഗങ്ങളിൽ ഉൾപ്പെടെ കൂടുതൽ ആശയവിനിമയ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി.
ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ. ഉഷാ ബിന്ദു മോൾ, ജില്ലാ മെഡിക്കൽ ഓഫീസർ എസ്.ശ്രീദേവി, അസിസ്റ്റൻ്റ് ജനറൽ ഡെവലപ്മെൻറ് കമ്മീഷണർ കെ.ജി ബാബു, അസിസ്റ്റൻ്റ് കമ്മീഷണർ ഓഫ് പോലീസ് (കൊച്ചി സിറ്റി) സാജൻ സേവിയർ, ആലുവ ഡെപ്യൂട്ടി സൂപ്രണ്ടൻ്റ് ഓഫ് പോലീസ് ( ഡി സി ആർ ബി ) സജി മർക്കോസ്, ഐ എ ജി ജില്ലാ കൺവീനർ ടി ആർ ദേവൻ,ഫയർ ആൻഡ് റസ്ക്യൂ ഗാന്ധിനഗർ സ്റ്റേഷൻ ഓഫീസർ രാമകൃഷ്ണൻ, ഹുസൂർ ശിരസ്തദാർ അനിൽകുമാർ, ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Comments (0)