എല്‍ഡിഎഫിന്റെ 100 ദിന കര്‍മ പരിപാടി പാളുന്നു ; ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീന്‍ വഴി ഉത്പാദിപ്പിച്ച കയര്‍ സംഭരിക്കാതെ കയര്‍ഫെഡ്

എല്‍ഡിഎഫിന്റെ 100 ദിന കര്‍മ പരിപാടി പാളുന്നു ; ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീന്‍ വഴി ഉത്പാദിപ്പിച്ച കയര്‍ സംഭരിക്കാതെ കയര്‍ഫെഡ്

തിരുവനന്തപുരം : ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീന്‍ വഴി ഉത്പാദിപ്പിച്ച കയര്‍ സംഭരിക്കാതെ കയര്‍ഫെഡ്. ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍ ഇതോടെ ഉപയോഗശൂന്യമായി നശിക്കുകയാണ്. ഒപ്പം തന്നെ മറ്റു കയറുകളും കെട്ടിക്കിടക്കുന്നതോടെ വലിയ പ്രതിസന്ധിയിലാണ് കയര്‍ മേഖല. കൊല്ലം ജില്ലയില്‍ മാത്രം 74 കയര്‍ സംഘങ്ങള്‍ക്കായി 210 ഓളം ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളും അനുവദിച്ചിരുന്നു. കയര്‍ മേഖലയെ യന്ത്രവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പദ്ധതി പക്ഷേ എങ്ങുമെത്താതെ പ്രതിസന്ധിയിലാണ്. ഇതുവഴി ഉല്പാദിപ്പിച്ച കയര്‍ സംഭരിക്കാന്‍ കയര്‍ഫെഡ് തയ്യാറായിട്ടില്ല. വിപണി കണ്ടെത്താന്‍ കൂടി സാധിക്കാത്തതോടെ ലക്ഷക്കണക്കിന് രൂപയുടെ കയറുകളാണ് കെട്ടിക്കിടക്കുന്നത്. ഇതിനോടൊപ്പം സാധാരണ കയറുകളും ഏറ്റെടുക്കാന്‍ ആളില്ലാതെ നശിക്കുകയാണ്. ഇതോടെ സ്പിന്നിങ് മെഷീന്‍ പ്രവര്‍ത്തനം നിലച്ചു. 30 ദിവസത്തെ പരിശീലനം കിട്ടിയ തൊഴിലാളികള്‍ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. ഈ ഓണക്കാലത്ത് 32 കോടിയിലധികം രൂപ കയര്‍മേഖലയിലേക്ക് വിതരണം ചെയ്തു എന്നാണ് സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍ പല തൊഴിലാളികള്‍ക്കും ഇപ്പോഴും ബോണസ് പോലും ലഭിച്ചിട്ടില്ല.