അഭയയുടെ ആത്മാവ് ഇപ്പോഴും സജീവമാണ്
സിസ്റ്റർ അഭയക്കേസിലെ കൊലയാളികളെ മുൻകാലങ്ങളിൽ നടന്ന അട്ടിമറികളെയൊക്കെ അതിജീവിച്ച് നിയമത്തിനു മുന്നിലെത്തിച്ച നിർഭയനായ CBI എസ്.പി.യും സുഹൃത്തുമായ നന്ദകുമാർ നായർ കേരളകൗമുദി ബ്യൂറോ ചീഫ് വടയാർ സുനിലിനോട് പറഞ്ഞതാണിത്.
"അഭയയെ കൊന്നവരെക്കാൾ ഒട്ടും കുറഞ്ഞ ദ്രോഹമല്ല കൊലയാളികളെ രക്ഷിക്കാനായി തെളിവു നശിപ്പിച്ച പൊലീസ് /ഉദ്യോഗസ്ഥ പ്രമുഖർ ചെയ്തത്.പിന്നീട് അഭയയുടെ ആത്മാവ് അവരെ നിരന്തരം വേട്ടയാടി. ഒരാൾ ഗുരുതരമായ കിഡ്‌നി കരൾ രോഗങ്ങൾക്കിരയായി വേദന തിന്നു മരിച്ചു. മറ്റൊരാൾ, കണ്ടാലറയ്ക്കും വിധം ത്വക്ക് രോഗം ബാധിച്ച് നരകിച്ചു. വേറെ ചിലർക്ക് ആത്മഹത്യ ചെയ്യേണ്ടിയും വന്നു. അവരാരും നിസ്സാരന്മാർ അല്ലായിരുന്നു താനും."
DIG റാങ്കിൽ വരെയുള്ള ഓഫീസർമാർ മുട്ടുമടക്കിയിടത്താണ് കേവലം എ.എസ്.പിയായിരുന്ന നന്ദകുമാർ ക്നാനായ സഭയുടെ സാമ്പത്തിക അധികാര കരുത്തിനെ വെല്ലുവിളിച്ച് ഫാദർ മാരായ കോട്ടുരിനെയും പുതൃക്കയിലിനെയും സിസ്റ്റർ സെഫിയെയും അറസ്റ്റ് ചെയ്തത്. അഭയ ക്കൊലക്കേസ് വീണ്ടും ജനമധ്യത്തിൽ ചർച്ചാ വിഷയമാക്കു മാറ് നിരന്തരം എക്സ്ക്ലൂസീവ് വാർത്തകൾ നൽകാനായി എന്നത് എൻ്റെ മാധ്യമ പ്രവർത്തന ചരിത്രത്തിലെ സുവർണ്ണകാലമാണ്. അഭയയെ സിസ്റ്റർ സെഫിയാണ് കൈക്കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊന്നത്, സിസ്റ്റർ സെഫി കൃത്രിമ കന്യാചർമ്മം വെച്ചു പിടിപ്പിച്ചു, , ഒരേ സമയം രണ്ടു പേരുമായി നടത്തിയ ലൈംഗിക വേഴ്ച കണ്ടതിനെ തുടർന്നാണ് അഭയയെ തലയ്ക്കടിച്ചു കൊന്നത് തുടങ്ങിയ സ്തോഭ ജനകമായ വിവരങ്ങൾ ലോകത്തോട് ആദ്യം വിളിച്ചു പറഞ്ഞത് കൗമുദിയിലൂടെ ഞാനാണ്. കേരള കൗമുദിയുടെ സർക്കുലേഷൻ കുതിച്ചുയർന്ന കാലമായിരുന്നു അത്. ഭീഷണിയും സമ്മർദ്ദവും ഒട്ടേറെ എനിക്കു നേരെയും ഉയർന്നിരുന്നു.
അഭയ കേസിൽ അതിശക്തമായ സമ്മർദ്ദമാണ് നീതിപീഠത്തിൽ നിന്നു പോലും നന്ദകുമാർ നായർക്ക് നേരിടേണ്ടി വന്നത്.പ്രതികളുടെ ജാമ്യപേക്ഷയിൽ ഹൈക്കോടതി ജഡ്ജിയായിരുന്ന കെ.ഹേമ പുറപ്പെടുവിച്ച വിധിന്യായം അസാധാരണമാം വിധം കുറ്റപത്രത്തിലെ കണ്ടെത്തലുകൾ നിരാകരിക്കും വിധം അധികാരപരിധി ലംഘിക്കുന്നതായിരുന്നു. അതിനെതിരെ CBI ക്ക് അപ്പീൽ നൽകേണ്ടി വന്നു. ഹേമ ജഡ്ജിക്കെതിരെ ഞങ്ങൾ നീതി ദേവതയുടെ മൂടപ്പെട്ട കണ്ണുകളുടെ സുഖം എന്ന തലക്കെട്ടോടെ മുഖപ്രസംഗമെഴുതി പിന്നീട് ചങ്കുവിരിച്ച് കോടതി അലക്ഷ്യക്കേസ് നേരിട്ടു.
ഇപ്പോൾ CBlയുടെ മുംബെ സ്പെഷ്യൽ സെൽ എസ്.പി.യും തിരുവനന്തപുരം ക്രൈംസ് യൂണിറ്റ് മേധാവിയുമായ നന്ദകുമാർ ആണ് CBl യുടെ തന്നെ പല അന്വേഷണ സംഘങ്ങൾക്കും തൊടാൻ ധൈര്യമില്ലാതിരുന്ന, സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിലെത്തിച്ചത്.
കാലിത്തീറ്റക്കേസ്, രാജീവ് ഗാന്ധി വധക്കേസ് തുടങ്ങിയ പ്രമാദമായ കേസുകൾ അന്വേഷിച്ച സംഘത്തിൽ പ്രവർത്തിച്ചപ്പോൾ പോലും ഉണ്ടാവാതിരുന്ന സമ്മർദ്ദങ്ങളെയും വർഗീയമായ ഭീഷണികളെ പോലും അതിജീവിച്ചാണ് നന്ദകുമാറും സംഘവും അഭയ കേസിലെ പ്രതികളെ നിയമത്തിനു മുന്നിലെത്തിച്ചതെന്നത് വ്യക്തിപരമായി അറിയാവുന്ന ആളാണ് ഞാൻ. അദ്ദേഹത്തിന് തൻ്റെ മക്കളുടെ സ്കൂൾ പോലും ഭീഷണികളെ തുടർന്ന് മാറ്റേണ്ടി വന്നിരുന്നു.
കേന്ദ്ര ഏജൻസികളിലെ അടക്കം ഒട്ടേറെ പൊലീസ് സേനാ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയ ഒരു ക്രൈം റിപ്പോർട്ടർ ആയിരുന്നു ഞാൻ. ആ അനുഭവം വെച്ചു പറയട്ടെ,
ശ്രീ. നന്ദകുമാറിനെ പോലെ അർജ്ജവവും തന്റേടവുമുള്ള ഓഫീസർമാർ അധികം പേരില്ലാത്തത് ഒരു നിർഭാഗ്യം തന്നെയാണ്. മലബാർ സിമൻറ്സിലെ ശശീന്ദ്രന്റെയും മക്കളുടെയും ആത്മഹത്യ (കൊലപാതകം ?) ക്കേസ് അന്വേഷിച്ചു കൊണ്ടിരിക്കെയാണ് നിർഭയനായ ഈ CBI എസ്.പി. കേരളത്തിൽ നിന്നും നാടുകടത്തപ്പെട്ടത്. പേരിയ ഇരട്ടക്കൊല പാതകം അടക്കമുള്ള കേസുകൾ ഇപ്പോൾ അദ്ദേഹമാണ് അന്വേഷിക്കുന്നതെന്ന് സന്ദർഭവശാൽ പറയട്ടെ.
അഭയക്കേസ് സജീവമാക്കി നിർത്തി, പ്രതികളുടെ അറസ്റ്റിലോളം വരുന്ന എല്ലാ കാര്യങ്ങളും കേരള കൗമുദിയിലൂടെ നിരന്തരം പുറത്തു കൊണ്ടുവരാൻ ബ്യൂറോ ചീഫായിരുന്ന എനിക്കു കഴിഞ്ഞത് കരിയറിലെ തിളക്കമേറിയ തൂവലുകളായി ഞാൻ കരുതുന്നു. കൗമുദി വാർത്തകൾ നിരന്തരം വള്ളി പുള്ളി വിടാതെ കോപ്പി അടിക്കേണ്ടുന്ന ഗതികേടിൽ മറ്റെല്ലാ മാധ്യമങ്ങളെയും മൂന്നു മാസത്തോളം പെടുത്താനായത് കരിയറിലെ മികവായി തന്നെ തിരിഞ്ഞു നോക്കുമ്പോൾ വിലയിരുത്തന്നത് വമ്പു പറയലല്ല യാഥാർത്ഥ്യം മാത്രമാണ്. കേരള കൗമുദിയുടെ സിംഗിൾ കോപ്പി സെയിൽ ഏറ്റവും കൂടുതൽ വർദ്ധിച്ച കാലമായിരുന്നു എന്റെ അഭയ സ്റ്റോറികളുടെത്.
എറണാകുളം CJM കോടതിയിൽ അഭയ കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകിയ ശേഷം പുറത്തു വരുന്ന നന്ദകുമാറിനൊപ്പമുള്ള ചിത്രമാണിത്. കൊച്ചിയിലെ മറ്റൊരു മാധ്യമ പ്രവർത്തകനും അറിഞ്ഞതു പോലുമില്ല CBI സംഘം കോടതിയിലെത്തി റിപ്പോർട്ടു നൽകിയ വിവരം.
കാരണം , എല്ലാവരും കോടതിയിൽ നിന്ന് പോയ ശേഷമോ, ആരും എത്തുന്നതിനു മുമ്പോ C J M നോട് അനുമതി ചോദിച്ച ശേഷം വരിക എന്നതായിരുന്നു നന്ദകുമാറിന്റെ ശൈലി.
Comments (0)