പ്രമോഷനുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് മോട്ടോര്‍വാഹനവകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ കടുത്ത സമരത്തിനൊരുങ്ങുന്നു
തിരുവനന്തപുരം: പ്രമോഷനുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് മോട്ടോര്‍വാഹനവകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ കടുത്ത സമരത്തിനൊരുങ്ങുന്നു. സര്‍ക്കാര്‍ ഉത്തരവിനെതിരെ കേരള എന്‍ജിഒ യൂണിയന്‍ കൂടി രംഗത്തെത്തിയതോടെ പ്രതിസന്ധി കടുക്കുകയാണെന്നാണ് വിവരം.
അനിശ്‍ചിതകാലസമരം ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികളിലേക്കാണ് കേരള മോട്ടോർ വെഹിക്കിൾസ് ഡിപാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ നീങ്ങുന്നത്. വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്ക് ജോയിന്‍റ് ആർടിഒ തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ഓട്ടോമൊബൈൽ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമയും ഹെവി ഡ്രൈവിങ് ലൈസൻസും നിർബന്ധമാക്കിയാണ് കഴിഞ്ഞദിവസം സർക്കാർ ഉത്തരവിറക്കിയത്.
എന്നാല്‍ ഇതുസംബന്ധിച്ച കേസുകളില്‍ നിലവിലുള്ള സ്റ്റേ ഉത്തരവു പോലും മാനിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും സുപ്രീം കോടതി അംഗീകരിച്ച സ്‌പെഷ്യല്‍ റൂളാണ് നിയമ വിരുദ്ധമായി എക്‌സിക്യുട്ടീവ് ഉത്തരവിറക്കി തിരുത്തിയതെന്നുമാണ് മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സംഘടന ആരോപിക്കുന്നത്. സുപ്രീം കോടതി കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ജോയിന്റ് ആർ ടി ഓ ക് യോഗ്യത ഏർപ്പെടുത്താൻ പറഞ്ഞിട്ടില്ലെന്നും സുപ്രീം കോടതി സമിതിയും കേന്ദ്ര മന്ത്രാലയവും ദേശീയ പാത വികസന അതോറിറ്റിയും ചേർന്ന് നടത്തിയ ഒരു യോഗത്തിന്റെ മിനിട്‌സ് വളച്ചൊടിച്ചു അഴിമതിക്ക് കാരണമാക്കുകയാണ് ചെയ്‍തിട്ടുള്ളതെന്നും ജീവനക്കാരുടെ സംഘടന ആരോപിക്കുന്നു. നിലനിൽക്കുന്ന നിയമങ്ങളെയും കോടതി വിധികളെയും സ്റ്റേ ഉത്തരവിനെയും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളെയുമൊക്കെ മറികടന്ന് ഇത്തരമൊരു ഉത്തരവിറങ്ങിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ജീവനക്കാരുടെ സംഘടന ആരോപിക്കുന്നു.
അതേസമയം സര്‍ക്കാര്‍ ഉത്തരവിനെതിരെ കേരള എന്‍ജിഒ യൂണിയനും രംഗത്തെത്തി. തികച്ചും ഏകപക്ഷീയമായ ഉത്തരവിലൂടെ യോഗ്യത മാറ്റാനുള്ള നീക്കം വകുപ്പിലെ ജീവനക്കാരോടുള്ള വെല്ലുവിളിയും നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രമോഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കലുമാണെന്ന് എന്‍ജിഒ യൂണിയന്‍ കുറ്റപ്പെടുത്തുന്നു. സ്‍പെഷ്യല്‍ റൂള്‍ ഭേദഗതിക്ക് ഒട്ടേറെ നടപടിക്രമങ്ങള്‍ ആവശ്യമാണെന്നും യോഗ്യത പരിഷ്‍കരണം എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഏകപക്ഷീയമായി നടപ്പാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്നും എന്‍ജിഒ യൂണിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തെരെഞ്ഞെടുപ്പ് അടുത്ത സമയത്ത് സര്‍ക്കാര്‍ അനുകൂല സര്‍വ്വീസ് സംഘടനയുടെ ഈ നിലപാടും സര്‍ക്കാര്‍ വൃത്തങ്ങളെ ആശങ്കയിലാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
സമരത്തിന്റെ ഭാഗായി മോട്ടോര്‍ വാഹന വകുപ്പിലെ കേരളത്തിലെ മുഴുവന്‍ ഓഫീസുകളിലെയും ജീവനക്കാര്‍ കറുത്ത ബാഡ്ജും കറുത്ത മാക്‌സും ധരിച്ച് ഇന്നലെ കരിദിനം ആചരിച്ചു. 10ന് സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടേറിയറ്റിന് മുമ്പിൽ ഏകദിന ഉപവാസവും രാവിലെ എല്ലാ ഓഫീസിലും അര മണിക്കൂർ രാവിലെ ധർണ്ണയും നടത്തും. 15ന് ഒരു മണിക്കൂർ അധികം ജോലി ചെയ്ത് പ്രതിഷേധിക്കും. മാർച്ച് 29, 30, 31 തിയ്യതികളിൽ മൂന്നു ദിവസത്തെ സൂചന പണിമുടക്കിന് നോട്ടീസ് നല്‍കും. മേയ് 17 മുതൽ അനിശ്ചിത കാല പണിമുടക്കിലേക്ക് കടക്കാനാണ് സ്റ്റാഫ് അസോസിയേഷന്‍റെ നീക്കം.
ഗതാഗതവകുപ്പ് മന്ത്രിക്കെതിരെ പരാതിയുമായി മുഖ്യമന്ത്രിയെ കാണാനും ജീവനക്കാര്‍ തയ്യാറെടുക്കുന്നുണ്ട്. പിന്‍വാതിലിലൂടെ നിയമം അട്ടിമറിച്ചെന്നാരോപിച്ച് പോസ്റ്റര്‍ പ്രചരണവും മറ്റും നടക്കുന്നുണ്ട്. അതേസമയം വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്ന രീതിയില്‍ സര്‍ക്കാരിനകത്തു തന്നെ എതിര്‍പ്പുണ്ടെന്നാണ് വിവരം. എന്തായാലും തെരഞ്ഞെടുപ്പ് മുറ്റത്തെത്തിയപ്പോള്‍ ജീവനക്കാര്‍ തമ്മിലുള്ള ഈ ഭിന്നതയും സംഘടനകളുടെ നിലപാടുകളും മോട്ടോര്‍വാഹന വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ മാത്രമല്ല സംസ്ഥാന സര്‍ക്കാരിനെ ഉള്‍പ്പെടെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയേക്കും.
Comments (0)