ഇടമുള പാലത്തിൽ വിള്ളൽ

ഇടമുള പാലത്തിൽ വിള്ളൽ

കളമശ്ശേരി: ഏലൂർ നഗരസഭയെയും ചൂർണ്ണിക്കര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഇടമുള പാലം അപകടാവസ്ഥയിൽ. നാല് സ്പാനുകളിൽ നടുവിലെ രണ്ടെണ്ണത്തിൽ വിള്ളൽ രൂപപ്പെട്ടു.ഭാര വാഹനങ്ങൾ പോകുമ്പോൾ പാലത്തിന് കുലുക്കം അനുഭവപ്പെടുന്നു. നിർമ്മാണ അപാകതയാണ് പാലം ഇത്രപെട്ടെന്ന് തകരാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. അടിയന്തര നടപടി ആവശ്യപ്പെട്ട് ഏലൂർ നഗരസഭ ചെയർമാൻ പി.ഡബ്ല്യു.ഡിയെ സമീപിച്ചു.പെരിയാറിന്റെ  കൈ വഴിയായ ഇടമുള്ള പുഴയ്ക്ക് കുറുകെ 2013 ലാണ് 150 ഓളം മീറ്റർ നീളമുള്ള പാലം പണി പൂർത്തിയാക്കിയത്.

ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ പണിതതാണിത്.  മാസങ്ങൾക്ക് മുമ്പ് മുകൾ ഭാഗത്തെ കോൺക്രീറ്റിൽ വിള്ളൽ രൂപപ്പെടുകയും അടർന്നു പോവുകയും ചെയ്തിരുന്നു.  അത് താല്‍ക്കാലികമായി അടച്ചെങ്കിലും കൂടുതൽ വിള്ളലുകൾ രൂപപ്പെടുകയാണ്. സ്ലാബുകൾക്കിടയിൽ വലിയ വെള്ളൻ ഉൾപ്പെട്ടതോടെ ഇരുചക്രവാഹനങ്ങൾ അപകടപെടാനുള്ള സാധ്യതയേറെയാണ്. ഏലൂരിൽ  നിന്ന് ആലുവയിലേക്ക് ഉള്ള എളുപ്പ വഴിയാണ് ഇത്.  പാലത്തിലൂടെ ഏലൂരിൽ നിന്നും തികച്ചും കണ്ടെയ്നർ ടോറസ് ലോറികളും ട്രക്കുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ നിരന്തരം ഓടുന്നുണ്ട്. ഈ സമയത്ത് പാലത്തിന്റെ വലിയതോതിലുള്ള കുലുക്കം അനുഭവപ്പെടാൻ തുടങ്ങിയത് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭ ചെയർമാൻ എ ഡി സുജിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി വിഭാഗത്തിൽ പരാതി നൽകിയത്.