സാമ്പത്തിക ഞെരുക്കം : കൊറോണ സെസിന് ആലോചന

ന്യൂഡൽഹി: കോവിഡ്  സൃഷ്ടിച്ച അപ്രതീക്ഷിതമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറാൻ കൊറോണാ സെസ് ഏർപ്പെടുത്താൻ കേന്ദ്ര നീക്കം. ഖജനാവിലേക്ക് വരുമാന വർദ്ധിപ്പിക്കാനുള്ള മാർഗമെന്ന നിലയിലാണ് ആലോചനയെന്നു ദേശീയ മാധ്യമങ്ങൾ. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നു വിലയിരുത്തൽ. കോവിഡ് മഹാമാരികൾ സർക്കാരിന് വൻ സാമ്പത്തിക ഞെരുക്കത്തിൽ വഴിവെച്ച സാഹചര്യത്തിലാണ് നീക്കം. വാക്സിൻ അടക്കമുള്ള കോവിഡ് പ്രതിരോധ നടപടികൾക്കായി വൻതുകയാണ് കേന്ദ്രം ചെലവിടുന്നത്. സെസ് അല്ലെങ്കിൽ സർച്ചാർജ് ഏർപ്പെടുത്തി നിലവിൽ അഭിമുഖീകരിക്കുന്ന അപ്രതീക്ഷ അധികച്ചെലവ് പരിഹരിക്കാനാകും എന്നാണ് വിലയിരുത്തൽ. ഉയർന്ന വരുമാനം ആയിരിക്കണം സെസ് പരിധിയിൽ വരിക എന്നാണ് സൂചന. പരോക്ഷ നികുതി ഏർപ്പെടുത്താനും ആലോചനയുണ്ട്. കസ്റ്റംസ് തീരുവയ്ക്ക്  പുറമേ ഡീസല്‍,പെട്രോള്‍ ,തുടങ്ങിയവയ്ക്ക് സെസ് ചുമത്തുന്നതും  പരിഗണിക്കുന്നു.  വരുമാന വർദ്ധന മാർഗ്ഗങ്ങൾ സംബന്ധിച്ച ബജറ്റ് മുന്നൊരുക്ക യോഗങ്ങളിൽ വിജയം സജീവ ചർച്ചയാണെന്ന് ധനകാര്യ മന്ത്രാലയത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

അടുത്ത 16 ന് നിശ്ചയിച്ചിരുന്ന കോവിഡ് വാക്സിനേഷന്  മാത്രമായി 6000 കോടി രൂപയിലധികം ചെലവഴിക്കേണ്ടിവരും എന്നാണ് അനുമാനം. ഇത് സാമ്പത്തിക ഞെരുക്കത്തിന് ആക്കം കൂട്ടുന്നതിൽ സുപ്രധാന ഘടകമാണ്. സെസ് ചുമത്തലിലൂടെ ഇതിനു നാമമാത്രമായെങ്കിലും പരിഹാരം കാണണമെന്നാണ് കരുതുന്നത്. അതേസമയം ജി എസ് ടി നിർവഹണം ജി എസ് ടി കൗൺസിലിനായതിനാൽ കേന്ദ്രസർക്കാരിന് ഏകപക്ഷീയമായി സെസ് ചുമത്താൻ ആകില്ലെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.