ആക്രിക്കടയില്‍ കടലാസുകൂട്ടത്തില്‍ കണ്ടെത്തിയത് കവര്‍ പോലും പൊട്ടിക്കാത്ത ആധാര്‍ കാര്‍ഡുകള്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസും

ആക്രിക്കടയില്‍ കടലാസുകൂട്ടത്തില്‍ കണ്ടെത്തിയത് കവര്‍ പോലും പൊട്ടിക്കാത്ത ആധാര്‍ കാര്‍ഡുകള്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസും

തിരുവനന്തപുരം: ആക്രിക്കടയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച കടലാസ് കൂട്ടത്തില്‍ ആധാര്‍ ഉള്‍പ്പടെ നിര്‍ണായക രേഖകള്‍. കാട്ടാക്കടയിലെ ആക്രിക്കടയിലാണ് വിലപ്പെട്ട രേഖകള്‍ ഉപയോ​ഗമില്ലാത്ത പേപ്പറിനൊപ്പം എത്തിയത്. കരകുളത്ത് വിതരണം ചെയ്യാനുള‌ള 300ലധികം ആധാര്‍ രേഖകളാണ് പേപ്പര്‍ കെട്ടില്‍ ഉണ്ടായിരുന്നത്. കവര്‍ പോലും പൊട്ടിക്കാത്ത നിലയിലാണ് ഇവ ആക്രിക്കടയില്‍ കണ്ടെത്തിയത്.

സ്ഥലത്തെ പൊതുപ്രവര്‍ത്തകനായ മധു ഇതുവഴി പോകുമ്ബോഴാണ് ആക്രിക്കടയുടമ പേപ്പറുകള്‍ വേര്‍ തിരിക്കുന്നത് കണ്ടത്. ഇതിനിടയില്‍ ആധാര്‍ രേഖകളും,​ ഇന്‍ഷുറന്‍സ്, ബാങ്ക്, രേഖകളും കണ്ടെത്തി. ഇവ എത്തിച്ചയാളെ കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച്‌ സൂചന ലഭിച്ചതായും 50 കിലോയുടെ വലിയ കെട്ടായാണ് പേപ്പറുകള്‍ എത്തിച്ചതെന്നും ഓട്ടോയിലാണ് കൊണ്ടുവന്നതെന്നും ആക്രിക്കട ഉടമ പൊലീസിനെ അറിയിച്ചു. നാല് വര്‍ഷത്തോളമായി വിതരണം ചെയ്യേണ്ടതായിരുന്നു ഇവ. രേഖകളെല്ലാം പൊലീസ് കസ്‌റ്റഡിയിലെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.